ബർലിൻ: യൂറോപ്യൻ യാത്രാപ്രേമികൾക്കും പ്രവാസികൾക്കും ആശ്വാസമായി കുറഞ്ഞ നിരക്കിൽ കൂടുതൽ സർവീസുകളുമായി പുതിയ ബജറ്റ് എയർലൈൻ എത്തുന്നു. ’ഫ്ലൈ ടു ഗലീഷ്യ’എന്ന വിമാനക്കമ്പനിയാണ് ഈ വർഷം ഡിസംബർ ഒന്ന് മുതൽ സർവീസുകൾ ആരംഭിക്കുന്നത്. സ്പെയിനിലെ സാന്റിയാഗോ ഡി കോമ്പോസ്റ്റെലയിലുള്ള റോസാലിയ ഡി കാസ്ട്രോ വിമാനത്താവളം (Santiago-Rosalía de Castro Airport) കേന്ദ്രീകരിച്ചാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
35 പൗണ്ട് (ഏകദേശം 40 യൂറോ) മുതൽ ആരംഭിക്കുന്ന കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് എയർലൈന്റെ പ്രധാന ആകർഷണം.
സ്പെയിനിലെ പ്രധാന നഗരങ്ങളായ അലികാന്റെ, ഗ്രനാഡ, സരഗോസ എന്നിവയ്ക്ക് പുറമെ ഇറ്റലിയിലെ വെനീസ്, മിലാൻ, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ്, ജർമനിയിലെ മ്യൂണിക്ക്, ബെൽജിയത്തിലെ ബ്രസൽസ് എന്നിങ്ങനെ യൂറോപ്പിലെ 8 പ്രധാന കേന്ദ്രങ്ങളിലേക്കാണ് തുടക്കത്തിൽ വിമാനങ്ങൾ പറക്കുക.
പ്രസിദ്ധമായ ’കാമിനോ ഡി സാന്റിയാഗോ കാൽനട തീർഥാടനത്തിന് എത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്ക് പുതിയ സർവീസ് വലിയ തുണയാകും. 2027 ’വിശുദ്ധ വർഷം’ (Holy Year / Ano Santo) ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ റെക്കോർഡ് തീർഥാടകരെയാണ് സ്പെയിൻ പ്രതീക്ഷിക്കുന്നത്.
വടക്കുപടിഞ്ഞാറൻ സ്പെയിനിലെ ഗലീഷ്യ മേഖലയിലേക്കുള്ള വ്യോമയാത്ര സുഗമമാക്കുന്നതിനൊപ്പം മറ്റ് പ്രമുഖ എയർലൈനുകളും ഇവിടേക്ക് കൂടുതൽ സർവീസുകൾ വ്യാപിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.
ചുരുങ്ങിയ ചിലവിൽ യൂറോപ്പിലെ പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യാനും പ്രകൃതിഭംഗി ആസ്വദിക്കാനും ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ’ഫ്ലൈ ടു ഗലീഷ്യ’ മികച്ചൊരു യാത്രാനുഭവമായി മാറും.